രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ചണ്ഡിഗഡിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 184 റണ്‍സ് നേടി. 34 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു.
അര്‍ധസെഞ്ചുറി നേടിയ സച്ചിന് ബേബിയാണ് (59) കേരളത്തിനായി തിളങ്ങിയത്. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ (46), വിഷ്ണു വിനോദ് (32), സഞ്ജു സാംസണ് (24) എന്നിവരും തിളങ്ങി.
നേരത്തെ അർധ സെഞ്ചുറി നേടിയ നായകൻ മനൻ വോറ (56) മാത്രമാണ് ചണ്ഡിഗഡ് നിരയിൽ തിളങ്ങിയത്. മനന്‍ വോറയ്ക്ക് പുറമേ 25 റണ്‍സെടുത്ത അര്പിത് പന്നുവും 26 റണ്‍സ് നേടി പുറത്താവാതെ നിന്ന വാലറ്റക്കാരന് സന്ദീപ് ശര്‍മയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
കേരളത്തിനായി സിജോമാൻ ജോസഫ് മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ നേടി. മനുകൃഷ്ണന്, വിഷ്ണു വിനോദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് ഡി യില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാളെ നടക്കുന്ന അടുത്ത മത്സരത്തില്‍ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.