കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയോടനുബന്ധിച്ച വാക്സിനേഷൻ സെന്ററിൽ വലിയ ആൾക്കൂട്ടമാണ് എത്തിയത്.
കോവിഡ് പ്രതിരോധത്തിനുള്ള ജാഗ്രതാ നിർദേശങ്ങൾ ജനം സ്വീകരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് അധികൃതരുടെ അഭിപ്രായം. വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനായി രാജ്യം കൈക്കൊണ്ട നടപടികൾ കാര്യക്ഷമമായിരുന്നുവെന്ന് സ്ഥിതിവിവര കണക്കുകളും നൽകുന്ന സൂചന. 4 പേർ മാത്രമാണ് നവംബർ മാസം കോവിഡ് ബാധിച്ച് മരിച്ചത്.
ഒക്ടോബറിൽ 12 പേരും സെപ്റ്റംബറിൽ 30 പേരും ഓഗസ്റ്റിൽ 99 പേരും മരിച്ചു.ഈ വർഷം ജൂലൈയിൽ 355, ജൂണിൽ 194, മേയിൽ 203, ഏപ്രിലിൽ 244, മാർച്ചിൽ 228, ഫെബ്രുവരിയിൽ 124, ജനുവരിയിൽ 23 എന്നിങ്ങനെയായിരുന്നു മരണ നിരക്ക്.2020 ഫെബ്രുവരി അവസാനമാണ് കുവൈത്തിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2465, രോഗം ബാധിച്ചവർ 413491 ആണ്.