ദുബായ് : മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ഖോർഫക്കാൻ തീരത്തിന്റെ മുഖം വീണ്ടും മനോഹരമാക്കുന്നു. പ്രകൃതിദത്തമായ കടൽക്കാഴ്ചകൾക്ക് പ്രശസ്തമായ ഖോർഫക്കാൻ തീരത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളാരംഭിച്ചതായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) അറിയിച്ചു.
കൂടുതൽ ഭക്ഷണശാലകൾ, വ്യായാമകേന്ദ്രം, ജലധാര എന്നിവയോടൊപ്പം കുട്ടികൾക്കായുള്ള കളിയിടങ്ങളും പുതിയതായി ഒരുക്കും. നിലവിൽ ഒന്നര കിലോമീറ്റർ നീണ്ടു നിൽക്കുന്ന ബീച്ചിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, ഇതോടെ, രണ്ടര കിലോമീറ്ററാവും. സന്ദർശകർക്കും ഷാർജ നിവാസികൾക്കും ഏറ്റവും മികച്ച വിനോദസഞ്ചാര സൗകര്യങ്ങളൊരുക്കണമെന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശം പിന്തുടർന്നാണ് കൂടുതൽ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് ഷുറൂഖ് പ്രൊജക്ട്സ് വിഭാഗം ഡയറക്ടർ ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു. ഖോർഫക്കാനിലുള്ളവർ മാത്രമല്ല, യുഎഇയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരുടെയും വിനോദസഞ്ചാരികളുടെയുമെല്ലാം പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നാണ് ഖോർഫക്കാൻ തീരം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽകഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂടുതൽ വികസനപദ്ധതികളിലൂടെ, സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം മേഖലയിൽ നിരവധി നിക്ഷേപസാധ്യതകളുമൊരുക്കാനാവുമെന്നും ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു.