ക്ലാസിക് ക്രൂസര്‍ ഹൈനസ് വാര്‍ഷിക പതിപ്പുമായി ഹോണ്ട

റിട്രോ ക്രൂസറായ ഹൈനസിനു വാര്‍ഷിക പതിപ്പുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ(എച്ച്‌ എം എസ് ഐ); 2.03 ലക്ഷം രൂപയാണു ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്റെ ഷോറൂം വില. 2021 ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത മോട്ടോര്‍ സൈക്കിളിനുള്ള ബുക്കിങ് ആരംഭിച്ചതായും എച്ച്‌ എം എസ് ഐ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു ഹോണ്ട ഹൈനസ് സി ബി 350 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിച്ചത്.റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 മോട്ടോര്‍ സൈക്കിളിനൊപ്പം ക്ലാസിക് ലെജന്‍ഡ്സ് വില്‍പ്പനയ്ക്കെത്തിക്കുന്ന ജാവ ശ്രേണിയോടു കൂടിയായിരുന്നു ഹൈനെസിന്റെ മത്സരം. ഹൈനെസിന്റെ അടിസ്ഥാന വകഭേദമായ ഡി എല്‍ എക്സിന് 1.85 ലക്ഷം രൂപയും പ്രീമിയം ഗണത്തില്‍പെട്ട ഹൈനെസ് ഡി എല്‍ എക്സ് പ്രോ’യ്ക്ക് 1.90 ലക്ഷം രൂപയുമാണു ഡല്‍ഹിയിലെ ഷോറൂം വില. ഇന്ത്യയിലെത്തി ഒറ്റ വര്‍ഷത്തിനുള്ളില്‍ തന്നെ 35,000 ഹൈനസ് സി ബി 350 വിറ്റഴിഞ്ഞെന്നാണ് എച്ച്‌ എം എസ് ഐയുടെ കണക്ക്.

പതിവു പരിമിതകാല പതിപ്പുകളെ പോലെ കാഴ്ചയിലെ മാറ്റങ്ങള്‍ക്കുപരിയായുള്ള വ്യത്യാസമൊന്നുമില്ലാതെയാണു ഡി എല്‍ എക്സ് പ്രോ അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്‍ എത്തുന്നത്. ഇന്ധന ടാങ്കിലും പാര്‍ശ്വത്തിലെ പാനലിലും സ്വര്‍ണ വര്‍ണമുള്ള ബാഡ്ജിങ്, ഇന്ധന ടാങ്കിനു മുകളില്‍ പിന്‍ കുത്തിവച്ചതുപോലുള്ള ‘ആനിവേഴ്സറി എഡീഷന്‍’ ലോഗോ, ബ്രൗണ്‍ നിറം കൂടി ചേരുന്ന ഇരട്ട വര്‍ണ സീറ്റ്, ക്രോം സ്പര്‍ശമുള്ള സൈഡ് സ്റ്റാന്‍ഡ് തുടങ്ങിവയാണു ബൈക്കിലെ പരിഷ്കാരങ്ങള്‍. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് നിറങ്ങളിലാണ് ‘ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്‍’ ലഭ്യമാവുക.

അതേസമയം സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ല. ബൈക്കിലെ 348.36 സി സി, എയര്‍ കൂള്‍ഡ്, ഒ എച്ച്‌ സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 5,500 ആര്‍ പി എമ്മില്‍ 20.8 ബി എച്ച്‌ പി കരുത്തും 3,000 ആര്‍ പി എമ്മില്‍ 30 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അസിസ്റ്റ് ഫംക്ഷനുള്ള സ്ലിപ്പര്‍ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍. പഴയകാല സി ബി ശ്രേണിയാണു പ്രചോദനമെങ്കിലും ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകല്‍പ്പനാശൈലിയാണു ‘ഹൈനെസ് സി ബി 350’ പിന്തുടരുന്നത്. 

ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എല്‍ ഇ ഡി ഹെഡ്ലൈറ്റ്, കറുപ്പ് അലോയ് വീല്‍, 15 ലീറ്റര്‍ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ സിംഗിള്‍ സീറ്റും ബൈക്കിലുണ്ട്. കാഴ്ചപ്പകിട്ടിനായി ഫെന്‍ഡറിലും ഇരട്ട ഹോണിലും എക്സോസ്റ്റിലും മിററിലും എന്‍ജിനിലുമൊക്കെ ക്രോമിയം സ്പര്‍ശവുമുണ്ട്.

റൈഡറുടെ സ്മാര്‍ട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോര്‍ സൈക്കിളുമായി ബന്ധിപ്പിക്കാന്‍ അവസരമൊരുക്കുന്ന ഹോണ്ട സ്മാര്‍ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റം സഹിതമാണ് ‘ഹൈനസ് ആനിവേഴ്സറി എഡീഷ’ന്റെയും വരവ്. ഫോണ്‍ ബന്ധിപ്പിക്കുന്നതോടെ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍ ഉപയോഗിച്ച്‌ ഫോണ്‍ കോള്‍ സ്വീകരിക്കാനാവും; നാവിഗേഷന്‍, മ്യൂസിക് പ്ലേബാക്ക്, സന്ദേശങ്ങള്‍ വായിക്കല്‍ തുടങ്ങിയവയും സാധ്യമാവും. 

ബൈക്കിലെ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷനില്‍ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ചു പിന്നിടാവുന്ന ദൂരം, തത്സമയ കാര്യക്ഷമത, സമയം, ട്രിപ് സംബന്ധിച്ച വിവരം, എ ബി എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഗീയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍ എന്നിവയൊക്കെ ഉണ്ട്. ഹസാഡ് ലാംപ്, ഇഗ്നീഷന് ഒറ്റ സ്വിച്, സൈഡ് സ്റ്റാന്‍ഡ് ഇഗ്നീഷന്‍ കട്ട് ഓഫ് തുടങ്ങിയവയും ബൈക്കിലുണ്ട്.