കണ്ണൂര്‍: കക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെയും മകളെയും വെട്ടിപരുക്കേല്‍പ്പിച്ചു. കൊറ്റാളി സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിതയെയും മകള്‍ റനിതയെയും ആക്രമിച്ചത്.സംഭവത്തില്‍ രവീന്ദ്രനെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.
രാവിലെ ഒന്‍പത് മണിയോടെയാണ് കക്കാട് കൊറ്റാളിയിലെ വീട്ടില്‍ വെച്ച് രവീന്ദ്രന് ഭാര്യയെയും മകളെയും വെട്ടി പരുക്കേല്‍പ്പിച്ചത്. പ്രവിതയ്ക്കും റനിതയ്ക്കും തലയ്ക്ക് ഉള്‍പ്പടെ ഗുരുതരമായി വെട്ടേറ്റു. സ്ഥിരമായി മദ്യപിച്ചെത്തുന്ന രവീന്ദ്രന് ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പ്രവിതയും മകളും മകനും കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് പരാതിക്കാര്‍ക്ക് കോടതി സംരക്ഷണ ഉത്തരവ് നല്കി. ഇതിന്റെ വൈരാഗ്യമാണ് ആക്രണത്തിന് കാരണമായി പറയുന്നത്. ആക്രമണം ചെറുക്കാനുള്ള മകന് ശരണിന്റെ ശ്രമത്തിനിടെ രവീന്ദ്രനും കാലിനും കൈയ്ക്കും പരുക്കേറ്റു. പ്രവിതയെയും മകളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും രവീന്ദ്രനെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രതിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി. മകന്റെ പരാതിയില്‍ രവീന്ദ്രനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു.