മസ്കത്ത്: ഒമാൻ- സൗദി റോഡ് യാത്രക്കായി തുറന്നുനൽകി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സഊദിന്റെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്. എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സൗദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്നത്.200 ദശലക്ഷം ഒമാനി റിയാൽ ചെലവിട്ട് 160 കിലോമീറ്റർ ഒമാൻ സർക്കാറും ശതലക്ഷം റിയാൽ ചെലവിട്ട് 566 കിലോമീറ്റർ സൗദിയുമാണ് നിർമിച്ചത്.
ഇബ്രി വിലായത്തിലെ തൻആം മേഖലയിൽ നിന്നു സൗദി അതിർത്തി വരെയാണ് ഒമാനിലെ റോഡ്.ഒമാൻ – സൗദി പാതയിൽ ആദ്യ ഇന്ധന കേന്ദ്രം നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒമാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനിയാണ് വിവിധ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്ധന കേന്ദ്രം തുറന്നത്.
വാദി അൽ ഹൈതം പ്രദേശത്താണു വിശാലമായ പമ്പും അനുബന്ധ സംവിധാനങ്ങളും ആരംഭിച്ചത്.തന്ത്രപ്രധാനമായ പാത തുറക്കുന്നത് ഇരു സഹോദര രാഷ്ട്രങ്ങൾക്കുമിടയിലെ സാമൂഹിക ഇടപാടുകൾ വർധിപ്പിക്കുമെന്ന് ഗതാഗത-ആശയവിനിമയ മന്ത്രി എൻജി. സഈദ് ഹമൂദ് അൽ മഅ്വലി പറഞ്ഞു.