ജിദ്ദ: സൗദി കിരീടാവകാശിക്ക് ഒമാന്റെ ഫസ്റ്റ് ഗ്രേഡ് സിവിലിയൻ മെഡൽ. ഒമാനുമായി വിശിഷ്ട ബന്ധം പുലർത്തുന്ന രാജാക്കന്മാർക്കും പ്രസിഡന്റുമാർക്കും കിരീടാവകാശികൾക്കും പ്രധാനമന്ത്രിമാർക്കും സമ്മാനിക്കുന്ന ഫസ്റ്റ് ഗ്രേഡ് സിവിലിയൻ മെഡലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈഥം ബിൻ താരിഖ് കൈമാറിയത്.
സൗദി അറേബ്യയും ഒമാനും തമ്മിലുള്ള മികച്ച ബന്ധങ്ങളും സൃഷ്ടിപരമായ സഹകരണവും കണക്കിലെടുത്താണു സൗദി കിരീടാവകാശിക്ക് ഒമാൻ സുൽത്താൻ പരമോന്നത സിവിലിയൻ മെഡൽ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്തിയാണ് കിരീടാവകാശി ഒമാനിൽ നിന്നും അബുദാബിയിലേക്ക് തിരിച്ചത്. മാധ്യമ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തൽ, വാണിജ്യ മേഖലകളിലും വ്യവസായങ്ങളിലും ഇരുരാജ്യവും കരാറിലെത്തിയിട്ടുണ്ട്. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിൽ കൂടുതൽ യോജിച്ചുപോകാനും ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച മസ്കത്തിലെ അൽ ആലം പാലസിൽ കിരീടാവകാശിക്ക് ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.