ദോഹ:ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഹെയ അറേബ്യൻ ഫാഷൻ പ്രദർശനത്തിന് 12ന് തുടക്കമാകും. ജ്വലിക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം. 12 മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന 18-ാമത് പ്രദർശനത്തിന് ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്സ് കോർപറേഷനുമാണ് ചുക്കാൻ പിടിക്കുന്നത്.
അറബ് മേഖലയിലെ വൈവിധ്യമാർന്ന ഫാഷൻ വസ്ത്രങ്ങൾ, അബായകൾ, ഫാഷൻ അക്സസറീസ്, സൗന്ദര്യവർധക ഉൽപന്നങ്ങൾ, പെർഫ്യൂമുകൾ തുടങ്ങി ഫാഷൻ പ്രേമികൾ കാത്തിരിക്കുന്ന പുത്തൻ ബ്രാൻഡുകളും ഡിസൈനുകളും ഉൽപന്നങ്ങളും മേളയിലുണ്ടാകും. 130 ഫാഷൻ ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. വിഖ്യാത ഡിസൈനർമാരുടെ ഫാഷൻ ഷോകൾ, ശിൽപശാലകൾ, ചർച്ചകൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി നടക്കും. വനിതകൾക്കു മാത്രമായുള്ള പ്രദർശനമായതിനാൽ ഉദ്ഘാടന ദിവസമായ 12 ന് മാത്രമേ എല്ലാവർക്കും പ്രവേശനം അനുവദിക്കൂ.
13 മുതൽ 17 വരെ വനിതകൾക്കും 13 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മാത്രമാണ് പ്രവേശനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം പ്രദർശകരും സന്ദർശകരും പങ്കെടുക്കാൻ. പ്രവേശനത്തിനായി ഓൺലൈനിൽ (https://www.visitqatar.qa/en/events/heya) നേരത്തെ റജിസ്റ്റർ ചെയ്യണം. രാവിലെ 10.00 മുതൽ രാത്രി 10.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രവേശനം.