അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈയാണ് ഇന്നലെ രേഖപ്പെടുത്തിയ നിരക്ക്.
എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ ഇന്നലെ രാവിലെ ദിർഹത്തിന് 20 രൂപ 50 പൈസ നൽകിയെങ്കിലും രാത്രിയോടെ അത് 20.46ലെത്തി. നിരക്ക് മെച്ചപ്പെട്ട വാർത്ത പരന്നതോടെ പണം അയയ്ക്കാൻ എക്സ്ചേഞ്ചുകളിൽ തിരക്കേറി.
ഓരോ തവണ അയയ്ക്കുമ്പോൾ എക്സ്ചേഞ്ച് ഈടാക്കുന്ന കമ്മിഷനിൽനിന്ന് രക്ഷപ്പെടാൻ മാസങ്ങളിലെ ശമ്പളം ചേർത്തുവച്ച് അയക്കുന്നവരുമുണ്ട്. എന്നാൽ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്നവർ അതതു മാസം പണം നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ്.
കഴിഞ്ഞ 2 ദിവസത്തെ ഇടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. 80% പേരും വീട്ടുചെലവിനാണ് പണം അയയ്ക്കുന്നത്. 20% പേർ നിക്ഷേപം വർധിപ്പിക്കാനും. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും ഓഹരി വിപണി തകർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
ഇതുമൂലം ഇന്ത്യയിൽനിന്നുള്ള നിക്ഷേപം പിൻവലിച്ച് ഡോളർ വാങ്ങിക്കൂട്ടുന്ന പ്രവണതയുണ്ടായി. വരും ദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു.