അബുദാബി: യുഎഇയില്‍ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ബിസിനസ് താത്പര്യങ്ങള്‍ക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാര് കമ്പനികളോട് നിര്‍ദേശിച്ചത്. വെള്ളിയാഴ്ച നമസ്കാര സമയത്ത് തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നിര്‍ബന്ധമായും ഇടവേള നല്‍കിയിരിക്കണം. രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി സ്വകാര്യ മേഖലയെക്കുറിച്ചും പ്രതിപാദിച്ചത്.