തിരുവനന്തപുരം: ഓട്ടിസം രോഗം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽക്കണം എന്ന് വിധിയിൽ പറയുന്നുണ്ട്.
2016 ഫെബ്രുവരിയി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടിസം അസുഖ ബാധിതനായ കുട്ടിയെ ബാത്ത് റൂമിൽ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. മകനെ കാണാതായതോടെ അന്വേഷിച്ചെത്തിയ അമ്മ കൃത്യം കണ്ടു. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പിടിയിലാകുകയായിരുന്നു. അസുഖബാധിതനായ കുട്ടിയും അമ്മയും കേസിന്റെ വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകിയതോടെയാണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.