ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) വീണ്ടും കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ബഹുമതികള്‍. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലുള്ള മികവിനാണ് അവാര്‍ഡുകള്‍. ഡല്‍ഹിയിലെ ഹാബിറ്റാറ്റ് സെന്ററില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഡിജിറ്റല്‍ പേയ്മെന്റ്സ് ഉല്സവി’ല്‍ നാലു വിഭാഗങ്ങളിലായി പിപിബിഎല്‍ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇടപാടുകളുടെ എണ്ണത്തിലും വാപാരികളുടെ എണ്ണത്തിലും ഇടപാടുകളുടെ വിജയ നിരക്കിലും ഇന്ത്യയിലെ ലൈസന്‍സ് നേടിയിട്ടുള്ള പേയ്മെന്റ്സ് ബാങ്കുകളില്‍ പിപിബിഎല്‍ മുന്നില്‍ നില്ക്കുന്നു.
കേന്ദ്ര റെയില്‍, കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത ചടങ്ങില്‍ പിപിബിഎല്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള 2019-20ലെ വിശിഷ്ഠ പുരസ്കാരം, ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പടെ പരമാവധി വ്യാപാരികളെ ഡിജിറ്റല്‍ ഇടപാടുകളില്‍ ചേര്‍ത്തതിനുള്ള 2019-20ലെ ഉത്തമ പുരസ്കാര്‍, ഭിം യുപിഐ ഇടപാടില്‍ ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് രേഖപ്പെടുത്തിയതിനുളള 2019-20ലെയും 2020-21ലെയും ശ്രേഷ്ഠ പുരസ്കാര്‍, പരമാവധി ബില്ലര്‍മാരെ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചതിനുള്ള 2019-20ലെ പ്രശസ്ത പുരസ്കാര്‍ എന്നിവ ഏറ്റുവാങ്ങി.
ലക്ഷക്കണക്കിന് പൗരന്മാര്ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുടെയും ബാങ്കിങ് സേവനങ്ങളുടെയും നേട്ടങ്ങള്‍ ലഭ്യമാക്കിയതിനുള്ള സാക്ഷ്യപത്രമാണ് മന്ത്രാലയത്തിന്റെ അംഗീകാരങ്ങളെന്നും ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോടു യോജിച്ച് പോകുന്നതാണ് തങ്ങളുടേതെന്നും ഭിം യുപിഐ ഇടപാടുകളില്‍ ഏറ്റവും കുറവ് പിഴവു വരുത്തിയതിന് തുടര്‍ച്ചയായി രണ്ടു വര്‍ഷത്തേക്ക് അവാര്‍ഡ് ലഭിച്ചത് അടിസ്ഥാന സാങ്കേതിക മികവിനുള്ള തെളിവാണെന്നും ഗ്രാമീണ മേഖലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ വ്യാപാരികളെ ഡിജിറ്റല്‍ മേഖലകളിലേക്ക് എത്തിച്ചത് തങ്ങളാണെന്നും പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.