അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്.
വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.
വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും അവധി. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
സ്കൂളുകളുടെയും കോളേജുകളുടെയും അവധി സംബന്ധിച്ച് ഉടനെ തന്നെ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കും.
നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ട് മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.
വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്‍ഘ്യമേറിയ വാരാന്ത്യം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ അറിയിച്ചു.