കേപ്ടൗൺ: ഡിസംബർ 26 ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡീൻ എൽഗറാണ് നായകൻ. സൂപ്പർ താരങ്ങളായ ക്വിന്റൺ ഡി കോക്ക്, കഗിസോ റബാദ, ആന്റിച്ച് നോർക്യെ, ലുങ്കി എൻഗിഡി തുടങ്ങിയവർ ടീമിലിടം നേടി.
പേസ് ബൗളർ ഡുവാനെ ഒലിവറെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. രണ്ട് വർഷത്തിനുശേഷമാണ് ഒലിവറെ ടീമിലേക്ക് തിരഞ്ഞെടുത്തത്. 2019 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഒലിവർ അവസാനമായി ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞത്.
പുതുമുഖ താരങ്ങളായ ബൗളർ സിസാൻഡ മഗാല, ബാറ്റർ റയാൻ റിക്കെൽത്തോൺ എന്നിവർക്ക് ടീമിലിടം ലഭിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പരയാണിത്.
മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ സെഞ്ചൂറിയനിൽ നടക്കും. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതൽ ഏഴുവരെയും (ജോഹന്നാസ്ബർഗ്), മൂന്നാം ടെസ്റ്റ് ജനുവരി 11 മുതൽ 15 വരെയും (കേപ്ടൗൺ) നടക്കും.