ഗുരുവായൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ നഗ്ന ഫോട്ടോകള്‍ ചമച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവന്‍കോടന്‍ ആരാന്‍കുഴി ഇര്‍ഷാദ് (അല്അമീന് -19) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിഡിയോ കോള്‍ ചെയ്ത് സ്ക്രീന്‍ ഷോട്ടെടുത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ കോളിലൂടെ ശരീരം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് ഇവര്‍ നഗ്ന ഫോട്ടോകള്‍ ചമച്ച് ഭീഷണിപ്പെടുത്തുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് നല്കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.