ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ഇന്ന് രാത്രി സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.
വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.
സാധാരണയിലും കൂടുതൽ വെള്ളം ഇന്ന് തുറന്നുവിടും. രാത്രി 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ 120 സെന്റി മീറ്റർ അധികമായി ഉയർത്തി 12654.09 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സർക്കാരിന്റെ അറിയിപ്പ്.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

















