റിയാദ്: തൊഴിൽ, താമസ (Residence and labour violations നിയമങ്ങൾ ലംഘിച്ച വിദേശികളെ പിടികൂടുന്നത് സൗദി അറേബ്യയിൽ (Saudi Arabia) തുടരുകയാണ്. ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,519 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 7,413 പേർ ഇഖാമ നിയമ ലംഘകരും 5,398 പേർ നുഴഞ്ഞുകയറ്റക്കാരും 1,708 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 381 പേരും അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിച്ച 17 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.