അബുദാബി: ഇന്ത്യയും യുഎഇയിലും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കർ ചർച്ച നടത്തി.
ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹിരാകാശം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, ശാസ്ത്ര സാങ്കേതികം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലാ, രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസയും അറിയിച്ചു.
വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ്, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി ഡപ്യൂട്ടി സെക്രട്ടറി ജനറൽ അലി ഷംസി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.