പനാജി: ഐഎസ്എൽ (ISL 2021-22) ഫുട്ബോൾ സീസണിൽ വിജയവഴിയിൽ തിരിച്ചെത്താൻ എടികെ മോഹൻ ബഗാൻ (ATK Mohun Bagan) ഇന്നിറങ്ങും. ഗോവയിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയാണ് (Jamshedpur FC) എതിരാളികൾ. മൂന്ന് കളിയിൽ രണ്ട് ജയവുമായി എടികെ മോഹൻ ബഗാന് 6 പോയിൻറുണ്ട്. മൂന്ന് കളിയിൽ ഒരു ജയവും രണ്ട് സമനിലയും വഴി 5 പോയിൻറാണ് ജംഷഡ്പൂരിനുള്ളത്.
മുംബൈ സിറ്റിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിൻറെ ക്ഷീണം മാറ്റുകയാകും മുൻ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാൻറെ ലക്ഷ്യം. മൂന്ന് മത്സരങ്ങളിൽ ആകെ ഏഴ് ഗോളുകളാണ് എടികെ ഇതുവരെ വഴങ്ങിയത്. ജംഷഡ്പൂരിൻറെ മികച്ച ഫോമിലുള്ള ഗ്രെഗ് സ്റ്റുവർട്ട്, വാൽസ്കിസ് സഖ്യത്തെ തടയുകയാകും ഹബാസിന് മുന്നിലെ പ്രധാന വെല്ലുവിളി.