ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ (ICC Test Ranking) ഇന്ത്യ (Team India) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലൻഡിനെയാണ് (New Zealad) ഇന്ത്യ പിന്തള്ളിയത്. കിവീസിനെതിരായ പരമ്പര 1-0ത്തിന് സ്വന്തമാക്കിയതോടെയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ വിരാട് കോലിക്കും (Virat Kohli) സംഘത്തിനുമായത്. ഇന്ത്യക്ക്് 124 പോയിന്റുണ്ട്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലൻഡിനേക്കൾ മൂന്ന് പോയിന്റ് അധികം.
ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. വരുന്ന ആഷസ് പരമ്പര നേടിയാൽ ഓസീസിന് പോയിന്റ് നില മെച്ചപ്പെടുത്താം. നിലവിൽ 108 പോയിന്റാണ് ഓസീസിനുള്ളത്. നാലാമതുള്ള ഇംഗ്ലണ്ടിന് 107 പോയിന്റുണ്ട്്. ആഷസിലെ പ്രകടനം ഇംഗ്ലണ്ടിനെ റേറ്റിംഗിൽ മാറ്റം വരുത്തും. അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാന് 92 പോയിന്റുണ്ട്. ബംഗ്ലാദേശിനെതിരായ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരമ്പര സ്വന്തമാക്കിയാൽ പാകിസ്ഥാന്റെ റേറ്റിംഗിൽ കാര്യമായ മാറ്റമുണ്ടാകും.
88 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ആറാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് അവർക്കിനി കളിക്കാനുള്ളത്. വെസ്റ്റ് ഇൻഡീസിനെ 2-0ത്തിന് പരമ്പര ജയിച്ചത് ശ്രീലങ്കയ്ക്കും ഗുണം ചെയ്തു. 83 പോയിന്റുള്ള ലങ്ക ഏഴാം സ്ഥാനത്താണ്.
അവരേക്കാൾ എട്ട് പോയിന്റ് കുറവുള്ള വിൻഡീസ് എട്ടാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് (49), സിംബാബ്വെ (31) എന്നിവർ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്. അഫ്ഗാനിസ്ഥാൻ, അയർലൻഡ് ടീമുകൾ റാങ്ക് പട്ടികയിലില്ല.