അബുദാബി : പുതിയ തൊഴിൽ നിയമത്തിൽ തൊഴിലുടമകളുടെ ഗുരുതര നിയമലംഘനങ്ങൾക്ക് ഒരു കോടി ദിർഹം വരെ പിഴശിക്ഷയുണ്ടെന്ന് അധികൃതർ. നിയമലംഘനങ്ങൾക്ക് സ്ഥാപന ഉടമകളിൽ നിന്നു ഈടാക്കാവുന്ന പരമാവധി പിഴ സംഖ്യയാണു ഒരു കോടി ദിർഹം. ചില പ്രധാന നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ 20000 ദിർഹം മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കുമെന്നും പുതിയ തൊഴിൽ നിയമം വ്യക്തമാക്കുന്നു.
വ്യാജരേഖകൾ സമർപ്പിച്ച് വിദേശ തൊഴിലാളികൾക്ക് വീസ തരപ്പെടുത്താൻ ശ്രമിക്കുക, പുതിയ തൊഴിൽ നിയമം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തിയോ മറ്റോ ഉദ്യോഗസ്ഥനെ ദൗത്യത്തിൽ നിന്നും തടയുക എന്നിവ പിഴശിക്ഷയ്ക്ക് ഇടയാക്കുന്ന നിയമ ലംഘനങ്ങളാണ്.
അനുവാദമില്ലാത്ത തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതായി ബോധ്യപ്പെട്ടാൽ പിഴ അര ലക്ഷം മുതൽ രണ്ട് ലക്ഷം ദിർഹം വരെ ആയിരിക്കും. വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിൽ രഹിതരാക്കി വിടുക, തൊഴിൽ പെർമിറ്റുകൾ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുക, തൊഴിലാളികളുടെ വേതനമടക്കമുള്ള അവകാശങ്ങൾ പരിഹരിക്കാതെ തൊഴിൽ സ്ഥാപനം അടച്ചു പൂട്ടുകയോ പ്രവർത്തനം മരവിപ്പിക്കുകയോ ചെയ്യുക, കൗമാരക്കാരെ പെർമിറ്റില്ലാതെ പണിയെടുപ്പിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഇതേ തുകയായിരിക്കും പിഴശിക്ഷ.