കുവൈത്ത് സിറ്റി∙ രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. എങ്കിലും കൊറോണ വൈറസ് വകഭേദത്തിനെതിരായ പ്രതിരോധ മുൻകരുതൽ പഴയ വകഭേദത്തിനെതിരെ സ്വീകരിച്ചതിനെക്കാൾ വിപുലമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അൽ ഫുനൈറ്റീസ് മെഡിക്കൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. രാജ്യം സ്വീകരിച്ച നിയന്ത്രണങ്ങളും പ്രവർത്തനങ്ങളുമാണ് വൈറസ് വ്യാപനം തടയുന്നതിന് സഹായിച്ചത്. സ്വദേശികളും വിദേശികളും മുൻ കരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണം. വാക്സീൻ സ്വീകരിക്കണം. ബൂസ്റ്റർ ഡോസും സ്വീകരിക്കണം. പിസിആർ പരിശോധനയും നടത്തണം.