ഖനികളിൽ ജോലി തീർത്ത് തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. ഖനികളിലെ ജോലികൾ കഠിനമായതിനാൽ അവരിൽ മിക്കവരും ക്ഷീണിതരുമായിരുന്നു. കാട് പോലെ തോന്നിക്കുന്ന അത്രയൊന്നും വാഹനങ്ങൾ ഇല്ലാത്ത പാതയിലൂടെയായിരുന്നു അവർ സഞ്ചരിച്ചിരുന്നത്.
ഇതേസമയം തന്നെ വിഘടനവാദികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു സുരക്ഷാ സേന. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. ഇവിടെ വിഘടനവാദികൾ അക്രമത്തിന് പദ്ധതിയിടുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.
സുരക്ഷാ സേനയുടെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഖനിയിലെ തൊഴിലാളികളുമായുള്ള ട്രക്ക് കടന്നു വരുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ട്രക്കിന് നേരെ തുടരെ വെടിയുതിർത്തു. തൊഴിലാളികളുടെ ജീവൻ പൊലിയുന്നത് വരെ വെടിയൊച്ച ഭീകരമായി ഉയർന്നു. തങ്ങൾ എന്തിനാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെയാണ് ആ ഗ്രാമീണരുടെ ജീവിതം അവസാനിച്ചത്.
പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഇതാണ് നാഗാലാൻഡിൽ നടന്ന സംഭവം. കൽക്കരി ഖനി തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിന് നേരെ സുരക്ഷാ സേന വെടിവച്ചതിനെ തുടർന്ന് കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പ്രദേശവാസികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഏഴ് സാധാരണക്കാർ കൂടി കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. ഇതിനെ പിന്നാലെ ഉണ്ടായ സംഘർഷങ്ങളിൽ ഒരു പ്രദേശവാസിയും ഒരു സൈനികനും കൂടി കൊല്ലപ്പെട്ടു.
ഒട്ടു ശാന്തമല്ല നിലവിലെ സാഹചര്യം. ജനങ്ങൾ ഏറെ രോഷാകുലരാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണത്തിനെതിരായ സായുധ കലാപത്തിന് സാക്ഷ്യം വഹിച്ച നാഗാലാൻഡിൽ സ്ഥിതിഗതികൾ സമാധാനമായി പോകുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായത്. ഇത് ഏറെ നാളുകളായി തുടർന്ന സമാധാനാന്തരീക്ഷം തകർത്തു. സായുധ സംഘങ്ങൾ ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതിനാൽ സമീപ വർഷങ്ങളിൽ ഉണ്ടായിരുന്ന ശാന്തതയാണ് സൈന്യം തന്നെ തകർത്തത്.
“ജനങ്ങൾ വളരെ രോഷാകുലരാണ്,” ഇന്തോ-മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മോൺ ജില്ലയിൽ ആധിപത്യം പുലർത്തുന്ന കൊന്യാക് ഗോത്രത്തിന്റെ പരമോന്നത സംഘടനയായ കൊന്യാക് യൂണിയന്റെ വൈസ് പ്രസിഡന്റ് ഹോനാങ് കൊന്യാക് പറഞ്ഞു. ഇത് ഇന്റലിജൻസിന്റെ സമ്പൂർണ്ണ പരാജയമാണ്. തങ്ങളോട് സംസാരിച്ച ഒരു മുതിർന്ന നാഗാലാൻഡ് സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഇന്റലിജൻസിന് വിവരം നൽകിയ ഇൻപുട്ടിനെക്കുറിച്ച് കുറിച്ച് സംസ്ഥാന ഉദ്യോഗസ്ഥർക്ക് അറിയില്ല. പ്രതിദിന കൂലിക്കാരെ അവർ എങ്ങനെയാണ് കലാപകാരികളായി തെറ്റിദ്ധരിച്ചതെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല എന്നും ഹോനാങ് കൊന്യാക് പറയുന്നു.
ആളുകൾ വെടിയൊച്ചകൾ കേട്ടതായി ഒട്ടിംഗിൽ നിന്നുള്ള താമസക്കാരനായ ഖേത്വാങ് കൊന്യാക് പറഞ്ഞു. “കുറച്ചു മണിക്കൂറുകൾക്ക് ശേഷം, തൊഴിലാളികൾ വീട്ടിൽ തിരിച്ചെത്താത്തപ്പോൾ, ഞങ്ങൾ അവരെ അന്വേഷിക്കാൻ പുറപ്പെട്ടു. ഗ്രാമത്തിൽ നിന്ന് കുറച്ച് അകലെ, സുരക്ഷാ സേനയുടെ പിക്കപ്പ് ട്രക്കിൽ മൃതദേഹങ്ങൾ ഞങ്ങൾ കണ്ടെത്തി. സൈനികർ അവരെ കൊണ്ടുപോകാൻ പോവുകയായിരുന്നു,” ഖേത്വാങ് കൊന്യാക് ആരോപിച്ചു.
കൊല്ലപ്പെട്ട് കിടക്കുന്ന തങ്ങളുടെ സഹോദരങ്ങളെ കണ്ടതോടെ ഗ്രാമത്തിൽ നിന്നുള്ളവർ പ്രതിഷേധമുയർത്തി. സംഭവം തർക്കത്തിൽ കലാശിച്ചു. ജനങ്ങൾ കൂടുതൽ എത്തി. വികാരങ്ങൾ ശക്തമായതോടെ ജനക്കൂട്ടം വാഹനങ്ങൾ കത്തിച്ചു. ഇതിന് പിന്നാലെ സേന വീണ്ടും വെടിയുതിർത്തു. ഇതോടെയാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. “അവർ സന്തോഷത്തോടെ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ഒരു ഗ്രാമീണൻ ഒരു അന്തർദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ നാഗാലാൻഡ് സർക്കാർ ഉന്നത പോലീസുകാരെയും സർക്കാർ ഉദ്യോഗസ്ഥരെയും എത്തിച്ച് മോൺ ടൗണിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിരോധിച്ചിരുന്നു.
കടുത്ത പ്രതിഷേധം ഉയർന്നതോടെ ഞായറാഴ്ച വൈകുന്നേരം നിരോധനം പിൻവലിച്ചെങ്കിലും സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്ന് നാഗാലാൻഡിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സന്ദീപ് എം തംഗാഡ്‌ഗെ സ്ഥിരീകരിച്ചു. തംഗാഡ്‌ഗെയുടെ മേൽനോട്ടത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിലും അതിന്റെ അനന്തരഫലങ്ങളിലും ഖേദം പ്രകടിപ്പിക്കുന്നതായി ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് പറഞ്ഞു. “നിർഭാഗ്യകരമായ ജീവഹാനിയുടെ കാരണം ഉന്നതതലത്തിൽ അന്വേഷിക്കുന്നുണ്ട്, നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കും,” പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ഒരു സൈനികനെങ്കിലും കൊല്ലപ്പെട്ടതായി സ്പിയർ കോർപ്സിന്റെ പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ 11 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ നാല് പേരെ നാഗാലാൻഡിന്റെ തലസ്ഥാനമായ ദിമാപൂരിലേക്ക് മാറ്റി. അവരിൽ അഞ്ച് പേർ മോണിലെ സിവിൽ ആശുപത്രിയിലും രണ്ട് പേർ ദിബ്രുഗഡിലും (അയൽ സംസ്ഥാനമായ അസമിൽ) ചികിത്സയിലാണ്, ”നാഗലാൻഡ് ആഭ്യന്തര സെക്രട്ടറി അഭിജിത്ത് സിൻഹ പറഞ്ഞു.
അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്റെ (എൻഎസ്‌സിഎൻ) യുങ് ഓങ് വിഭാഗത്തിന്റെ നീക്കം തങ്ങൾ പ്രതീക്ഷിക്കുന്നതായി സുരക്ഷാ സേനയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നാഗാ ഗ്രൂപ്പുകൾ നേരത്തെ മുതൽ പരമാധികാരവും കൂടുതൽ സ്വയംഭരണവും ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിനിടെ എൻഎസ്‌സിഎന്റെ ഒരു വിഭാഗം, പ്രത്യേക പതാകയും ഭരണഘടനയും ഉപയോഗിച്ച് പങ്കിട്ട പരമാധികാരത്തിന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. നിരന്തരം സർക്കാർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്ന് ഈ വിഭാഗം 1997ൽ വെടിനിർത്തൽ കരാർ ഒപ്പിട്ടു.
കരാർ ഒപ്പിട്ടതിനെ തുടർന്ന് ഇതുവരെയും വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോവുകയായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസം. നാഗാ സായുധ സംഘങ്ങളും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആക്രമണം തടസ്സമാകുമെന്ന് നാഗാലാൻഡിലെ രാഷ്ട്രീയക്കാർ ഭയപ്പെടുന്നുണ്ട്.
“ഇന്തോ-നാഗ പ്രശ്‌നം ഒരു അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ, സുരക്ഷാ സേനയുടെ ഇത്തരമൊരു ക്രമരഹിതവും ക്രൂരവുമായ പ്രവൃത്തി സങ്കൽപ്പിക്കാൻ കഴിയാത്തതും മനസ്സിലാക്കാൻ കഴിയാത്തതുമാണ്,” ഭരിക്കുന്ന നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു.
“സംഭവം സമാധാനകാലത്ത് യുദ്ധക്കുറ്റങ്ങൾക്ക് തുല്യമാണെന്നും സംഗ്രഹ വധശിക്ഷയ്ക്കും വംശഹത്യയ്ക്കും തുല്യമാണെന്നും” സംസ്ഥാന സർക്കാരിലെ മന്ത്രിയും ബിജെപിയുടെ നാഗാലാൻഡ് യൂണിറ്റ് മേധാവിയുമായ ടെംജെൻ ഇംന അലോങ് സുരക്ഷാ സേനയ്‌ക്കെതിരെ ആഞ്ഞടിച്ചു. സമാധാന പ്രക്രിയ ഒത്തുതീർപ്പിന്റെ പരിധിയിലായതിനാൽ അതീവ ജാഗ്രതയും ക്ഷമയും പുലർത്തേണ്ട സമയമാണിതെന്ന് അലോങ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഴുകുതിരി തെളിച്ച് പ്രകടനം നടത്തി. മാരകമായ സംഭവത്തെത്തുടർന്ന് നിരവധി ഗോത്രങ്ങൾ തങ്ങളുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിനാൽ നാഗ സംസ്കാരം പ്രദർശിപ്പിക്കുന്ന വാർഷിക പരിപാടിയായ ഹോൺബിൽ ഫെസ്റ്റിവലിലെ ആഘോഷങ്ങളെയും സംഭവം ബാധിച്ചു.