ഓൾഡ് ട്രഫോർഡ്: പുതിയ പരിശീലകൻ റാൾഫ് റാങ്നിക്കിന് (Ralf Rangnick) കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് (Man United) വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്റ്റൽ പാലസിനെ (Crystal Palace) തോൽപിച്ചു. തിയേറ്റർ ഓഫ് ഡ്രീംസിൽ റാൾഫ് റാങ്നിക്കിന് സ്വപ്ന തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിൻറെ (Fred) ഗോളാണ്. മേസൺ ഗ്രീൻവുഡിൻറെ (Mason Greenwood) അസിസ്റ്റിൽ നിന്ന് 77-ാം മിനിറ്റിലായിരുന്നു ഫ്രെഡിൻറെ വിജയ ഗോൾ.
പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരം നിയമിതനായ റാങ്നിക്കിന് കീഴിൽ കൂടുതൽ ഒത്തിണക്കുമുള്ള യുണൈറ്റഡിനെയാണ് ആരാധകർ കണ്ടത്. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കിൽ ക്രിസ്റ്റൽ പാലസിൻറെ വലയിൽ കൂടുതൽ പന്തെത്തിയേനെ. കൂടുതൽ സമയം പന്ത് കൈവശം വയ്ക്കാനും പാസുകൾ കൈമാറാനും ഷോട്ടുകളുതിർക്കാനും യുണൈറ്റഡിന് കഴിഞ്ഞു. 2013ൽ അലക്സ് ഫെർഗ്യൂസൺ സ്ഥാനമൊഴിഞ്ഞതിന് ശേഷം ജയത്തോടെ തുടങ്ങുന്ന മൂന്നാമത്തെ പരിശീലകനാണ് റാൾഫ് റാങ്നിക്ക്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ലൂക്കാസ് മൗറയുടെ ഗോളിന് മുന്നിലായിരുന്നു ടോട്ടനം. 10-ാം മിനിറ്റിലായിരുന്നു മൗറയുടെ ഗോൾ. രണ്ടാം പകുതിയിൽ ഡേവിൻസൺ സാഞ്ചസും സോൻ ഹ്യൂംഗ് മിന്നുമാണ് ടോട്ടനത്തിൻറെ ഗോളുകൾ നേടിയത്. 67-ാം മിനിറ്റിൽ സാഞ്ചസും 77-ാം മിനിറ്റിൽ സോൻ മിന്നും ലക്ഷ്യം കണ്ടു. ലീഗിൽ ടോട്ടനത്തിൻറെ തുടർച്ചയായ മൂന്നാം ജയമാണിത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ആസ്റ്റൻ വില്ല വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. എസ്രി കോൻസ(17, 54) ഇരട്ടഗോൾ നേടി. 14-ാം മിനുറ്റിൽ ഹാർവി ബാൺസിൻറെ ഗോളിൽ മുന്നിലെത്തിയ ശേഷമായിരുന്നു ലെസ്റ്ററിൻറെ തോൽവി. ജയത്തോടെ ലെസ്റ്ററിനെ മറികടന്ന് ആസ്റ്റൻ വില്ല ആദ്യ പത്തിലെത്തി. 15 കളിയിൽ ഇരു ടീമിനും 19 പോയിൻറാണ് ഉള്ളത്.