എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ അധിക ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.നേരത്തെ തന്നെ ആര്‍ബിഐ (RBI) നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.
പ്രതിമാസം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി കഴിഞ്ഞാല്‍ പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 2022 മുതല്‍ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടി വരിക. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളില്‍ ഉണ്ടായ വര്‍ദ്ധനയും ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയത്.