ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നാൽപതിലധികം പേർക്ക് പൊള്ളലേറ്റു. കിഴക്കൻ ജാവയിലുള്ള സെമേരു അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.57 പേർക്ക് അഗ്നി പർവത സ്ഫോടനത്തിൽ പരിക്കേറ്റു. 41 പേർക്ക് പൊള്ളലേറ്റ് ആശുപത്രിയിലാക്കി. ലുമാൻജാങ് പ്രവിശ്യയിൽ സുപ്രധാനമായ പാലം ലാവാപ്രവനാഹത്തിൽ തകർന്നത് രക്ഷപ്രവർത്തനത്തെ ബാധിച്ചു.
ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്‌നിപര്‍വതങ്ങളിലൊന്നായ സെമേരു ഈ വർഷം ജനുവരിയില്‍ പൊട്ടിത്തെറിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,676 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
















