പനാജി: ഐ.എസ്.എല്ലിൽ കേരളബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. അൽവാരോ വാസ്ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഒഡീഷയുടെ ഗോള്‍കീപ്പറെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷേ ലക്ഷ്യം കാണാനായില്ല. രണ്ടാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് സഹല്‍ അബ്ദുല്‍ സമദ് തൊടുത്ത ഷോട്ട് ഒഡിഷ ഗോളി കമല്‍ജിത് സിങ്ങ് തട്ടിയകറ്റി. പിന്നാലെ ഒരു ഫ്രീ കിക്കിലൂടെ അഡ്രിയാന്‍ ലൂണയും കമല്‍ജിതിനെ പരീക്ഷിച്ചു.
14-ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് ആദ്യ അവസരം ലഭിച്ചത്. ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 25-ാം മിനിറ്റില്‍ വീണ്ടും ഹെര്‍ണാണ്ടസിന്റെ ഷോട്ട് പാഴായി.
രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനെ സജീവമാക്കിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ എത്തി. ഈ ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു. പന്ത് വലയിലെത്തിച്ചത് മലായളി താരം പ്രശാന്തും.
എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്സ് കുറിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്.
നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണു ബ്ലാസ്റ്റേഴ്സിനുള്ളത്. വിജയത്തോടെ അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.