കൊച്ചി: രാജ്യത്തെ അഞ്ചു ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കാനായി അൺ അക്കാദമി ശിക്ഷോദയ സ്കോളർഷിപ്പിന് തുടക്കം കുറിച്ചു. ജോലി ലഭിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിലെ നാല്, അഞ്ച് പേർക്ക് വരെ ആ കുട്ടി താങ്ങാവുന്നതോടെ 20 ലക്ഷത്തോളം പേർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.
ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തോടുള്ള അൺ അക്കാദമിയുടെ പ്രതിബദ്ധതയാണ് ശിക്ഷോദയ സ്കോളർഷിപ്പ്. സ്കൂളുകളിലും കോളേജുകളിലും നിന്നു പുറത്താകുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചു വരാന്‍ ഇത് സഹായകമാകും. അഞ്ചു ലക്ഷം പെൺകുട്ടികൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും സമൂഹത്തിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഇതേക്കുറിച്ച് സംസാരിച്ച നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.