കാണ്‍പൂര്‍: കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ മനോ ദു:ഖത്തില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഡോക്ടര്‍.ഉത്തര്‍പ്രദേശിലെ കല്യാണ്‍പൂരിലാണ് സംഭവം.സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് മെഡിസിന് വകുപ്പിന്റെ മേധാവിയാണ്(61) സുഷീല്‍ കുമാര്‍. വെള്ളിയാഴ്ച വൈകിട്ട് സുഷീല്‍ തന്റെ ഇരട്ട സഹോദരനായ സുനിലിന് ഒരു സന്ദേശം അറിയിച്ചിരുന്നു. കൊലപാതക വിവരം പൊലീസില്‍ അറിയിക്കണമെന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിന് പിന്നാലെ സുനില്‍ സഹോദരന്റെ വീട്ടിലെത്തി. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. അപാര്‍ട്ട്മെന്റിന്റെ സെക്യൂരിറ്റിയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് വീടിന് അകത്ത് കടന്നപ്പോള്‍ സഹോദരന്റെ ഭാര്യയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 48 കാരിയായ ചന്ദ്രപ്രഭ, മക്കളായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശിഖര്‍ സിങ്, ഹൈസ്കൂള്‍ വിദ്യാര്‍ഥി ഖുഷി സിങ് എന്നിവരെയാണ് കൊലപ്പെടുത്തിയത് . ഉടന്‍ തന്നെ സുനില്‍ കൊലപാതക വിവരം പൊലീസിനെ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് സുശീല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സുനില്‍ പറഞ്ഞു. മൂന്നുപേര്‍ക്കും ലഹരി കലര്‍ത്തിയ ചായ നല്‍കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ചുറ്റിക കൊണ്ടാണ് ചന്ദ്രപ്രഭയെ കൊലപ്പെടുത്തിയത്. ശിഖറിനെയും ഖുഷിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് കമീഷണര്‍ അസിം അരുണ്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൂവരും കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം അറിയാന്‍ സാധിക്കുള്ളുവെന്നും പൊലീസ് വ്യക്തമാക്കി .
പിന്നീട് സുശീലിന്റെ കുറിപ്പ് വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. താന്‍ വിഷാദരോഗിയാണെന്നും കുടുംബത്തെ മുഴുവന്‍ ബുദ്ധിമുട്ടിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. കൂടാതെ ഒറ്റ നിമിഷം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കുമെന്നും കോവിഡ് ബാധയില്‍ നിന്ന് ആരും മോചിതരാകാന്‍ പോകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .