മഡ്ഗാവ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ എഫ്.സി ഗോവയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ നഷ്ടമാക്കിയ നോര്‍ത്ത് ഈസ്റ്റ് ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ഖാസ കമാറ നേടിയ ലോങ് റേഞ്ചര്‍ ഗോളിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വിതമടിച്ച് സമനിലയിലായിരുന്നു. പതിനൊന്നാം മിനിറ്റില്‍ റോച്ചര്‍സെല്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനകം റൊമാരിയോ ഗോവയെ ഒപ്പമെത്തിച്ചു.
ഗോവ സമനില ഗോളടിച്ചതിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായി ആക്രമിച്ചു. കൊറേയറുടെ ഗോളെന്നുറച്ച രണ്ട് തകര്‍പ്പന്‍ ഷോട്ടുകള്‍ ധീരജ് സിംഗ് രക്ഷപ്പെടുത്തി. 25-ാം മിനിറ്റില്‍ കൊറേയര്‍ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ധീരജ് വീണ്ടും രക്ഷകനായി.
എന്നാല്‍ മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് കമാറ തകര്‍പ്പന്‍ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റിനെ വിജയത്തിലെത്തിച്ചത്.