കയ്റോ: അവസാന മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന് മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷന് ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന് ആദം അല്‍ സെല്‍ദാറാണ് മരിച്ചത്. 53 വയസ്സായിരുന്നു.
അവസാന മിനിറ്റിലെ ഗോളിൽ ടീം ജയിച്ചത് ആഘോഷിക്കുന്ന ഹൃദയാഘാതമാണ് മരണ കാരണം. താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആദം പരിശീലിപ്പിക്കുന്ന അൽ മജീദ് ഫുട്ബോൾ ക്ലബ് അൽ സാർക്കയുമായി ഏറ്റുമുട്ടിയിരുന്നു. ഗോൾരഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 92-ാം മിനിറ്റിൽ ആദം പരിശീലിപ്പിക്കുന്ന ടീം വിജയഗോൾ കുറിച്ചു. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ലാദത്തിൽ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു. അബോധാവസ്ഥയിലായതോടെ ടീം ഡോക്ടർമാർ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഒന്നാം ഡിവിഷന് ക്ലബ്ബ് അല്‍ ഇസ്മയീലിയുടെ മുന്‍താരമാണ് ആദം. 1990-കളില്‍ അല്‍ ഇസ്മയീലിക്കൊപ്പം ഈജിപ്ത് കപ്പും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗും നേടി. പിന്നീട് അല്‍ ഷാര്‍ക്കിയയിലും കളിച്ചു. ലിബിയയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബിനേയും അല്‍ ഇസ്മയീലി ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.