ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനല്‍സില്‍ ഇന്ത്യൻ താരം പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം.
സ്കോര്‍ 21-15, 15-21, 21-19.
ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യമാഗുച്ചിയെ കീഴടക്കിയത്. മത്സരം ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു. മൂന്നാം റാങ്കിലുള്ള ജപ്പാനീസ് താരത്തിനെതിരേ ഏഴാം റാങ്കിലുള്ള സിന്ധു മികച്ച തുടക്കം കുറിച്ചു. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 21-19ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.
സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ കടക്കുന്നത്. 2018ലെ ചാംപ്യനായ സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു.