കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുവൈത്തില്‍ വീണ്ടും ഫീല്‍ഡ് പരിശോധന കര്‍ശനമാക്കുന്നു.ഒമിക്രോണ്‍ വൈറസ് വകഭേദം സംബന്ധിച്ച ആശങ്കകളാണ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്നത്. കുവൈത്തില്‍ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ആളുകള്‍ ഗൗരവത്തിലെടുക്കുന്നില്ല. പുറത്തിറങ്ങി നടക്കുമ്ബോള്‍ ഇപ്പോള്‍ മാസ്ക് ധരിക്കേണ്ടതില്ല. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും.
റസ്റ്റാറന്റ്, കഫേ പോലെയുള്ള മാസ്ക് ധരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ ഒക്ടോബറില്‍ നടത്തിയത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും അനുമതിയുണ്ട്.
പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഹാളില്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഒമിക്രോണ്‍ വൈറസ് വ്യാപിക്കുകയാണെങ്കില്‍ നിലവിലെ മാനദണ്ഡങ്ങള്‍ അധികൃതര്‍ മാറ്റം വരുത്തിയേക്കും. അതുവരേക്കും നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുക. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സഹകരിച്ചാണ് ഫീല്‍ഡ് പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.