ദോഹ:ഖത്തറിന്റെ കാഴ്ചകൾ കാണാൻ കപ്പൽ സഞ്ചാരികൾ എത്തി തുടങ്ങി. കപ്പൽ ടൂറിസത്തിന്റെ ഇത്തവണത്തെ സീസണ് തുടക്കമിട്ട് എംഎസ് സിയുടെ വെർച്യോസയാണ് ദോഹ തുറമുഖത്തേക്ക് ആദ്യമെത്തിയത്. 3,032 യാത്രക്കാരും 1,581 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
സീസണിലെ ആദ്യ യാത്രക്കാർക്കും ജീവനക്കാർക്കും തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തറും ഖത്തർ ടൂറിസവും ചേർന്ന് ഊഷ്മള വരവേൽപ് നൽകി. വരും ദിവസങ്ങളിലായി കൂടുതൽ കപ്പലുകൾ സഞ്ചാരികളുമായെത്തും. 2022 ഏപ്രിൽ വരെ തുടരുന്ന സീസണിൽ 76 കപ്പലുകളാണ് ദോഹ തുറമുഖത്തെത്തുന്നത്.
ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ, ദോഹ ലൈറ്റ്സ് ഫെസ്റ്റിവൽ, ഫിഫ അറബ് കപ്പ്, കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേള, ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ വിവിധ കലാ പ്രദർശനങ്ങൾ, അടുത്ത ആഴ്ച തുടങ്ങുന്ന ഹെയ അറേബ്യൻ ഫാഷൻ പ്രദർശനം, ഖത്തർ ലൈവ് തുടങ്ങി കപ്പൽ സഞ്ചാരികൾക്കായി ആസ്വാദനങ്ങൾ ഏറെയുണ്ട് ദോഹയിൽ.