ജിദ്ദ∙:സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് രീതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡിസംബർ 4 മുതൽ സ്ഥാപനങ്ങളിൽ സകാത്ത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരിശോധന നടത്തും.
ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാൽ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000 റിയാലാണു പിഴ. നാളെ മുതൽ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല. കച്ചവട സ്ഥാപനങ്ങളിൽ ക്യു ആർ കോഡുള്ള കമ്പ്യൂട്ടർ ബില്ലുകളേ ഉപയോഗിക്കാവൂ.
സെയിൽസ് വാനുകളിലൂടെയുള്ള വിൽപനക്കും ഇലക്ട്രോണിക് ബില്ലിങ്ങ് നിർബന്ധമാണ്. പുതിയ രീതി നടപ്പാകുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. നേരത്തെ മൂല്യവർധിത നികുതി (വാറ്റ്) ബില്ലിങ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു. വാറ്റ് കാണിക്കുന്ന ബില്ലിങ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് കുറഞ്ഞ പിഴ. വാറ്റിൽ കൃത്രിമത്വം കാണിച്ചാൽ കുറ്റത്തിനനുസരിച്ച് 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.
ഈ പദ്ധതിയിലെ സുപ്രധാനമായ രണ്ടാം ഘട്ടം 2023ൽ ആണ് ആരംഭിക്കുക. കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകൾ പരിശോധിക്കുന്ന രീതിയിയാണിത്. ഓരോ സ്ഥാപനത്തിലേയും ഡാറ്റകൾ ഇതിനായി ഉപയോഗിക്കാം. ബിനാമി സാധ്യതയോ സംശയമോ വന്നാൽ ഇടപാടുകൾ ആഭ്യന്തര, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസാകും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.