തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മയാണ് മകനെ കൊന്നത് എന്ന് പോലീസിന് തെളിയിക്കാനാവുന്നത്. അമ്മ നാദിറയെ(43) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
2020 സെപ്തംബറിലാണ് നാദിറയുടെ മകൻ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു നാദിറ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയുണ്ടെന്ന് ഫോറന്‍സിക് സര്ജന്മാര് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
മയക്കുമരുന്ന് അടിമയായ സിദ്ദീഖ് ദിവസം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായുരുന്നു എന്ന് മാതാവ് നാദിറ പറഞ്ഞു. എന്നാല്‍ സംഭവ ദിവസം സ്വന്തം സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലയിലേക്ക് കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം, കുറ്റകൃത്യം ഒളിച്ചുവെച്ചതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നേക്കും. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് തെളിയിച്ചത്.