മക്ക: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസ്സമില്ലെന്നു സൗദി ഹജ്, ഉംറ മന്ത്രാലയം.
ഉംറ കർമം നിർവഹിക്കാനും വിശുദ്ധ ഹറമിൽ പ്രാർഥനകളിൽ പങ്കെടുക്കാനും മസ്ജിദുന്നബവി റൗദ ഷരീഫിൽ നമസ്കാരം നിർവഹിക്കാനും സന്ദർശനം നടത്താനും പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പ്രോട്ടോകോളുകളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷാം സഈദ് വ്യക്തമാക്കി.
വാക്സീൻ ഡോസുകൾ പൂർത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെർമിറ്റുകൾക്കും ഹറമിലും റൗദ ഷരീഫിലും നമസ്കാരങ്ങൾ നിർവഹിക്കാനുള്ള പെർമിറ്റുകൾക്കുമുള്ള അടിസ്ഥാന വ്യവസ്ഥ.
ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ (മൂന്നാമത്തെ) ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വാക്സീൻ രണ്ടു ഡോസെടുത്തവർ എട്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ്. രണ്ടു ഡോസ് എടുത്ത് എട്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ല.