അബുദാബി∙: സ്കൂൾ വിദ്യാർഥികൾക്കായി അബുദാബിയിൽ നാളെ മുതൽ കോവിഡ് വാക്സീൻ ക്യാംപെയിൻ ആരംഭിക്കുന്നു. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളിൽ സ്കൂൾ അങ്കണത്തിലും മറ്റു സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീൻ നൽകുക.
അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറിൽ നടത്തിയ സർവേയിൽ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനെക്കുറിച്ചും ഏതു വാക്സീനാണ് താൽപര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികൾക്ക് ഫൈസറുമാണ് നൽകുന്നത്.
ഫൈസർ വേണമെന്ന് ആഗ്രഹിക്കുന്ന 11 വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ പ്രത്യേക സമ്മതപത്രം നൽകണം. 5 മുതൽ 11 വയസ്സുവരെയുള്ളവർക്കു ഫൈസർ നൽകാൻ യുഎഇ ആരോഗ്യവകുപ്പ് നവംബറിൽ അനുമതി നൽകിയിരുന്നു. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സ്കൂൾ പ്രവേശനത്തിന് വാക്സീൻ നിർബന്ധമാക്കിയിരുന്നു.
ഇതനുസരിച്ച് ഈ വിഭാഗത്തിലുള്ളവരിൽ ഭൂരിഭാഗവും 2 ഡോസ് വാക്സീനും എടുത്തു. നവംബറിലെ കണക്കനുസരിച്ച് അബുദാബിയിലെ വിദ്യാർഥികളിൽ 1.07 ലക്ഷം പേർ അതായത് എമിറേറ്റിലെ മൊത്തം വിദ്യാർഥികളുടെ 39% വിദ്യാർഥികൾ വാക്സീൻ സ്വീകരിച്ചു. വാക്സീൻ ക്യാംപെയ്ൻ തീരുന്നതോടെ 50% കടക്കുമെന്നാണ് പ്രതീക്ഷ.