നിരക്ഷരരെ സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നടപ്പിലാക്കി വരുന്ന ‘അക്ഷരശ്രീ’ പദ്ധതിയിൽ വൻതോതിൽ വ്യാജ സർട്ടിഫിക്കറ്റ് വിതരണം. മണക്കാട് വാർഡിൽ മാത്രം വിതരണം ചെയ്തത് ഏഴ് വ്യാജ സർട്ടിഫിക്കറ്റുകളാണ്. 2019 ഒക്ടോബർ 13 ന് നടത്തിയ സാക്ഷരത പരീക്ഷയിൽ വിജയിച്ചവർക്ക് അതേ പേരും മേൽവിലാസത്തിലും തന്നെ കഷ്ടിച്ച് രണ്ടര മാസം കഴിഞ്ഞു നാലാം തരം തുല്യത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്താണ് തട്ടിപ്പ്.
സാക്ഷരതയ്ക്ക് മൂന്ന് മാസവും നാലാം തരത്തിന് ആറുമാസവുമാണ് കോഴ്സ് കാലാവധി. 2019 ഒക്ടോബർ 13ന് നടത്തിയ സാക്ഷരത പരീക്ഷയിൽ വിജയിച്ച ഏഴുപേർക്ക് കഷ്ടിച്ച് രണ്ടര മാസം കഴിഞ്ഞു 2020 ജനുവരി 5 നാണ് നാലാംതരം തുല്യത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ എല്ലാം തന്നെ പഠിതാവിന്റെ വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്ന് സാക്ഷരത മിഷൻ ജീവനക്കാരൻ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. കോഴ്സിൽ ചേർന്ന് പഠിക്കാത്തവർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തം.
എന്നാൽ ഇത് അവഗണിച്ചു മണക്കാട് എം എസ് കെ നഗറിൽ വസന്തകുമാരി (വയസ്സ് 52, ടി. സി 41/1398), കൃഷ്ണമ്മ (വയസ്സ് 62, 41/1423), മല്ലിക (വയസ്സ് 52, ടി. സി 41/1456), ശ്രീകല ദേവി (വയസ്സ് 58, ടി. സി 41/1368), വിവിത (വയസ്സ് 27, 41/1439),ഇന്ദിര (വയസ്സ് 48,ടി സി 41/1439),രത്നമ്മ (വയസ്സ് 59, ടി സി 41/1447) എന്നിങ്ങനെ ഏഴു പേരുടെ മേൽവിലാസം എഴുതി ചേർത്താണ് സാക്ഷരതയും നാലാംതരം തുല്യത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരിക്കുന്നത്.
അഡ്മിഷൻ എടുക്കുന്ന സമയം തന്നെ രെജിസ്ട്രേഷൻ ഫോറത്തിൽ പഠിതാവിന്റെ വിവരങ്ങൾ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. വിവരങ്ങൾ മുഴുവൻ പരിശോധിച്ചു ബോധ്യപ്പെടുന്ന പക്ഷം രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പഠിതാവിനു നൽകും. ഇങ്ങനെ അനുവദിച്ചു നൽകുന്ന രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ ആണ് അഡ്മിഷൻ നമ്പർ ആയും പരിഗണിക്കുന്നത്. രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പഠിതാക്കളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് 2017 ഫെബ്രുവരി 13ന് സാക്ഷരത മിഷൻ തന്നെ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സാക്ഷരത മിഷൻ വിതരണം ചെയ്ത സാക്ഷരത, നാലാം തരം സർട്ടിഫിക്കറ്റ് കളിൽ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് സാക്ഷരത മിഷൻ ജീവനക്കാരൻ തന്നെ രേഖപ്പെടുത്തിയതോടെയാണ് സർട്ടിഫിക്കറ്റ് നേടിയവർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുകയോ അഡ്മിഷൻ നേടുകയോ ചെയ്തിട്ടില്ലെന്ന വിവരം പുറത്താകുന്നത്. സർട്ടിഫിക്കറ്റുകളിൽ പേരും മേൽവിലാസവും വ്യാജമായി എഴുതി ചേർത്താണ് പിന്നീട് വിതരണം നടത്തിയത്. സാക്ഷരത മിഷൻ ഡയറക്ടർ പി എസ് ശ്രീകലയുടെ ഒപ്പും രേഖപ്പെടുത്തി ഓഫീസ് സീ ലും പതിച്ചു ഇത്തരത്തിൽ നിരവധി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ ആണ് ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുന്നത്.
മതിയായ രേഖകൾ ഇല്ലാതെ നേരത്തെ ഏഴാം തരം തുല്യത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് വൻ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാക്ഷരത, നാലാംതരം കോഴ്സുകളിൽ ഒരു വാർഡിൽ നിന്ന് മാത്രം ഇത്രയും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയിരിക്കുന്നത്.
2019 മാർച്ച് 15നാണ് നഗരത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുക, തുടർ പഠനം നൽകുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ നൂറു വാർഡുകളിലും സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അക്ഷര ശ്രീ പദ്ധതി ആരംഭിച്ചത്. 4.15 കോടിയുടെ പദ്ധതിയാണിത്. ഇതിൽ രണ്ടേ മുക്കാൽ കോടി രൂപയാണ് കോർപറേഷൻ വിഹിതം. ഒരു വാർഡിൽ സാക്ഷരതയ്ക്ക് 25 പേരും, നാലാം ക്ലാസ് 20 ഉം, ഏഴാം തരത്തിൽ 15, പത്താംതരം 15, ഹയർ സെക്കന്ററി 10 എന്നിങ്ങനെ ഉൾക്കൊള്ളിച്ചു ക്ലാസ്സുകളും ഓരോ വാർഡിലും നിശ്ചയിച്ചു. എന്നാൽ പല വാർഡുകളിലും മതിയായ ആളുകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വ്യാജ പേരുകൾ രെജിസ്റ്റർ ചെയ്ത് കോർപറേഷൻ ഫണ്ട് തട്ടിയെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ആരോപണങ്ങൾക്ക് അടിസ്ഥാനം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ആണ് പുറത്ത് വരുന്നത്.
സർട്ടിഫിക്കറ്റ് വിതരണത്തിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ടുവന്ന സാക്ഷരത മിഷനിലെ പ്യൂൺ അരവിന്ദിനെ നേരത്തെ പുറത്ത് ആക്കിയിരുന്നു. സാക്ഷരത മിഷനിലെ നിരവധി ക്രമക്കേടുകളെ സംബന്ധിച്ചുള്ള പരാതികൾ ഇദ്ദേഹം സർക്കാരിൽ സമർപ്പിച്ചുവെങ്കിലും ഡയറക്ടറുടെ ഉന്നതതലങ്ങളിലെ സ്വാധീനം കാരണം അന്വേഷണങ്ങൾ വഴിമുട്ടി