മസ്കറ്റ്: ഒമാനിൽ (Oman)വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലക്ക് തീപിടിച്ചു(fire). മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലുള്ള മബേല വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലയിലാണ് തീപിടിച്ചതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
അപകട സാധ്യതകൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കുവാൻ അധികൃതർ സ്ഥാപനങ്ങളോടും കമ്പനികളോടും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.