കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് കാണിച്ച് ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ വിടുതൽ ഹർജി നൽകി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അപേക്ഷ നൽകിയത്. ആത്മഹത്യ പ്രവണതയുണ്ടെന്നും മറ്റും വരുത്തിതീർക്കാനാണ് പോലീസ് ശ്രമമെന്നും കൂട്ടക്കൊലക്കേസിന് ബലമുണ്ടാക്കാനാണ് പോലീസ് ലക്ഷ്യമെന്നും കാണിച്ചാണ് അപേക്ഷ.
കേസ് വാദം കേൾക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബർ 17ലേക്ക് മാറ്റി. ജയിൽ സൂപ്രണ്ടിൻ്റെ പരാതി പ്രകാരം കസബ പോലീസാണ് കേസന്വേഷിച്ചത്. 2020 ഫെബ്രുവരിയിൽ കൈയിലെ ഞരമ്പു മുറിച്ച നിലയിൽ ജോളിയെ കോഴിക്കോട് ജില്ല ജയിലിലെ ജീവനക്കാർ കണ്ടതായാണ് കേസ്. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നെന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ല ജയിലിൽ തുടരുകയാണ് ജോളി.