മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ഈസ്റ്റ് ബംഗാള്‍- ചെന്നൈയിന് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ചെന്നൈയിന് താരങ്ങള്‍ക്ക് സാധിച്ചില്ല.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ബോക്സിലേക്ക് ചെന്നൈയിന് താരങ്ങളുടെ ആക്രമണമായിരുന്നു. നാലാം മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തില്‍നിന്ന് മിര്‍ലാന്‍ മുര്‍സെവ് നല്കിയ ക്രോസ് വ്ളാഡിമിര്‍ കോമാന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
ആദ്യ പകുതിയിലുടനീളം ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ സുവം സെന്നിന്റെ സേവുകള്‍ ബംഗാള്‍ ടീമിന്റെ രക്ഷയ്ക്കെത്തി.
ആദ്യ പകുതിയില്‍ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കായില്ല.
66-ാം മിനിറ്റില്‍ അനിരുദ്ധ ഥാപ്പ നല്കിയ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ജെറിക്കായില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.