നൈനിറ്റാള്‍: വിവാഹച്ചടങ്ങില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ ദളിതന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി .45കാരനായ രമേഷ് റാം ആണ് മരിച്ചത്.ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.
ചമ്പാവത്ത് പതി ബ്ലോക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്ന റാമിനെ ചൊവ്വാഴ്ച രാവിലെയാണ് വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. റാമിനെ ഗ്രാമവാസികള്‍ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് ഹല്‍ദ്വാനിയിലെ ഡോ.സുശീല തിവാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് റാം മരണത്തിന് കീഴടങ്ങിയത്.
ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ചതിന് അവര്‍ തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചുവെന്ന് റാമിന്റെ ഭാര്യ തുളസീ ദേവി ആരോപിച്ചു. തുളസീ ദേവിയുടെ പരാതി പ്രകാരം ഐപിസി 302 വകുപ്പ് (കൊലപാതകക്കുറ്റം), എസ് സി എസ് ടി ആക്ട് എന്നിവ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു.
ആള്‍ക്കൂട്ടത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പതി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഹരി പ്രസാദ് പറഞ്ഞു. സര്‍ക്കിള്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം മരണം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.