ദോഹ: ഹലാലിന്റെ പേരില്‍ ഭക്ഷണത്തില്‍ പോലും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ കള്‍ച്ചറല്‍ ഫോറം തൃശൂര്‍ പ്രതിഷേധ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു.
‘വൈവിധ്യങ്ങളുടെ നാട്, വെറുപ്പില്ലാതെ ഭക്ഷണം’ തലക്കെട്ടില്‍ നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.
സൗഹാര്‍ദ്ദപരമായി പരസ്പരം സഹകരിച്ചു ജീവിക്കുന്ന ഒരു സമൂഹത്തില്‍ വെറുപ്പിന്‍െറ രാഷ്ട്രീയം ഇറക്കിവിട്ട് മുതലെടുക്കാനുള്ള ഫാസിസ്റ്റു ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദമെന്നും ഇത് കേരളം പോലുള്ള നാട്ടില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അനീസ് റഹ്മാന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സലീം എന്‍.പി, മര്‍സൂഖ് സെയ്ദ് മുഹമ്മദ് എന്നിവര്‍ പ്രതിഷേധ കവിതകള്‍ അവതരിപ്പിച്ചു. സന നസീം, കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ് അലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കചന് ജോണ്സണ് സ്വാഗതവും ജനറല്‍ സെക്രട്ടറി നിഹാസ് എറിയാട് നന്ദിയും പറഞ്ഞു.