അബുദാബി: അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച് നേട്ടങ്ങളുടെ 50 സുവർണ വർഷങ്ങൾ പിന്നിട്ട യുഎഇ പ്രൗഢ്വോജല പരിപാടികളോടെ ദേശീയദിനം ആഘോഷിച്ചു. സ്വദേശികൾക്കൊപ്പം ഇരുനൂറിലേറെ രാജ്യക്കാരും ഈ കൊച്ചുരാജ്യത്തിന്റെ പിറന്നാളിന് മധുരം പകർന്ന് രാജ്യമെങ്ങും വർണാഭമായ പരിപാടികൾ ഒരുക്കിയിരുന്നു. ഒരു രാജ്യത്തിന്റെ ദേശീയ ദിനം വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിന് ആളുകൾ ഒന്നിച്ചു ആഘോഷിക്കുന്നതും അപൂർവതയായി.
ഹജ്ർ മലനിരകളെ സാക്ഷിയാക്കി ദുബായ് ഹത്തയിലായിരുന്നു ഏറ്റവും വലിയ ദേശീയ ദിനാഘോഷം അരങ്ങേറിയത്. അർധ വൃത്താകൃതിയിൽ സജ്ജമാക്കിയ പ്രത്യേകം സ്റ്റേജിൽ രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത കലാപരിപാടികളും അകമ്പടിയായി വിസ്മയിപ്പിക്കുന്ന വെടിക്കെട്ടും ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ലൈവായും ആസ്വദിച്ചു. വെറും മണലാരണ്യമായിരുന്ന ഒരു പ്രദേശത്തെ ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യമായി മാറ്റിയതിനു പിന്നിലെ കഠിനാധ്വാനം നിശ്ചയദാർഢ്യവും വരച്ചുകാട്ടുന്നതായിരുന്നു പരിപാടികൾ.