കുവൈത്ത് സിറ്റി : മഹാമാരിയുമായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യം സുസ്ഥിരമെന്നു സർക്കാർ വ്യക്തമാക്കി. എന്നാൽ ഒമിക്രോൺ സാന്നിധ്യം ഗൾഫ് മേഖലയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു കൊറോണ വൈറസ് എമർജൻസി കമ്മിറ്റിയുടെ യോഗാനന്തരം സർക്കാർ വക്താവ് താരീഖ് അൽ മുസറം വ്യക്തമാക്കി.
വാക്സീൻ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റർ വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാകണം. ആരോഗ്യ സുരക്ഷ സംബന്ധിച്ച് അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കാനും ശ്രദ്ധിക്കണം. പുതിയ സാഹചര്യത്തിൽ സമിതി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യങ്ങൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് യോഗത്തിൽ വിശദീകരണം നൽകി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും കൈക്കൊണ്ട സമീപനങ്ങൾ ഫലവത്തായിരുന്നുവെന്നു മന്ത്രി പറഞ്ഞു. വാക്സീൻ സ്വീകരിക്കുന്നതിനൊപ്പം മാസ്ക് ധരിക്കുന്ന കാര്യത്തിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് മുസറം അഭ്യർഥിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻകൂർ റജിസ്ട്രേഷൻ ഇല്ലാതെ ബൂസ്റ്റർ വാക്സീൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൂറിസ്റ്റ് വീസ നൽകുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. ടൂറിസ്റ്റ് വീസ അനുവദിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ ദിവസം 600ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു കുവൈത്ത് ഈ സംവിധാനം അനുവദിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ചില പ്രഫഷനലുകളും ടൂറിസ്റ്റ് വീസയ്ക്കായി അപേക്ഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 1200 ടൂറിസ്റ്റ് വീസയാണ് അനുവദിച്ചിട്ടുള്ളത്. കർശന നിയന്ത്രണങ്ങൾക്കു വിധേയമായാകും ഇനി വീസ അനുവദിക്കുക