കൊച്ചി:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 11ന് സംഘടിപ്പിക്കുന്ന മെഗാ ജോബ്ഫെയറില്‍ ഉദ്യോഗാര്‍ഥികളെ തേടിയെത്തുന്നത് നൂറിലേറെ സ്വകാര്യ തൊഴില്ദായകര്.കളമശേരി സെന്റ് പോള്‍സ് കോളേജില്‍ രാവിലെ ഒമ്ബതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ജോബ്ഫെയര്‍. മൂവായിരത്തിലേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മെഗാ ജോബ്ഫെയര്‍ 2015 മുതല്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം മുടങ്ങി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എംപ്ലോയബിലിറ്റി സെന്റിലോ നേരത്തേ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. എന്നാല്‍, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് എക്സ്ചേഞ്ച് സംസ്ഥാനത്ത് എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ തൊഴില്‍മേളകളിലും പങ്കെടുക്കാനാകും. മെഗാ ജോബ്ഫെയറിനോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും അവസരമൊരുക്കും. ഒറ്റത്തവണയായി 250 രൂപയാണ് ഫീസ്. മെഗാ ജോബ്ഫെയറില്‍ പങ്കെടുക്കാന്‍ പ്രത്യേകഫീസ് ആരില്‍നിന്നും വാങ്ങുന്നില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ബെന്നി മാത്യു പറഞ്ഞു.
സ്വകാര്യസംരംഭകരുടെ ചെറുതും വലുതുമായ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. എന്‍ജിനിയറിങ് ടെക്നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍, വിദ്യാഭ്യാസം, സെയില്‍സ്, മാര്‍ക്കറ്റിങ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള തൊഴില്‍ദായകരാണ് ഉദ്യോഗാര്‍ഥികളെ അന്വേഷിക്കുന്നത്.
ലുലു, ഭീമ ജ്വല്ലേഴ്സ്, മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ്, നിപ്പോണ്‍ ടയോട്ട, ആസ്റ്റര്‍ മെഡ്സിറ്റി, റിനൈ മെഡിസിറ്റി തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ജോബ്ഫെയറിന് എത്തുന്നുണ്ട്. നൂറിലേറെ കമ്ബനികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. മൂവായിരത്തിലേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴില്‍ദായകര്‍ക്കുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ സൗജന്യമായാണ് നല്കിവരുന്നതെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പറഞ്ഞു.
എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും തൊഴില്പരിചയമുള്ളവര്ക്കും ഇല്ലാത്തവര്‍ക്കും ജോബ്ഫെയറില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട യോഗ്യതയും തൊഴില്‍പരിചയവും തൊഴില്ദായകര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ അറിയാം. കൂടുതല്‍ വിവരങ്ങള്‍ കാക്കനാട് കലക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിലെ ഹെല്‍പ്പ് ഡെസ്കിലെത്തി നേരിട്ട് അറിയാം.