മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആഴ്സനലിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തം പേരിലാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോ കരിയറിലെ ഗോള്‍നേട്ടം 801 ആയി ഉയര്‍ത്തി. ടോപ് ലെവല്‍ ഫുട്ബോളില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കി.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, സ്പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് റൊണാള്‍ഡോ 800 ഗോളുകള്‍ അടിച്ചുകൂട്ടിയത്.
താത്കാലിക പരിശീലകന് മൈക്കിള്‍ കാരിക്കിന്റെ കീഴില്‍ കളിക്കാനിറങ്ങിയ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
എമില്‍ സ്മിത്ത് റോവിലൂടെ ആഴ്സനലാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 44-ാം മിനിട്ടില്‍ ലക്ഷ്യം കണ്ട് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് വേണ്ടി സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ സ്കോര്‍ 1-1 ആയിരുന്നു.രണ്ടാം പകുതിയില്‍ 52-ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ പാസിലൂടെ ഗോളടിച്ച് റൊണാള്‍ഡോ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. പിന്നാലെ മാര്ട്ടിന് ഒഡെഗാര്‍ഡിലൂടെ ആഴ്സനല്‍ തിരിച്ചടിച്ചതോടെ മത്സരം 2-2 എന്ന നിലയിലായി.
70-ാം മിനിട്ടില്‍ ഫ്രെഡിനെ ബോക്സിനകത്ത് വീഴ്ത്തിയതിന്റെ ഫലമായി യുണൈറ്റഡിന് പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ റാംസ്ഡാലിനെ കബിളിപ്പിച്ച റൊണാള്‍ഡോ വലകുലുക്കി. മത്സരം യുണൈറ്റഡ് സ്വന്തമാക്കി. വിജയത്തോടെ കാരിക്ക് പരിശീലകന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങി. ഈ വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്നു. കഴിഞ്ഞ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്.