ദോഹ: ഇന്ത്യയുടെ കോവാക്സിനു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. വ്യവസ്ഥകൾക്കു വിധേയമായാണു ഭാരത് ബയോടെക്നോളജിയുടെ കോവാക്സിന് അംഗീകാരം നൽകിയത്. നടപടി പ്രാബല്യത്തിലായി. പുതിയ നടപടി കോവാക്സിൻ എടുത്തവരുടെ ഖത്തർ പ്രവേശനം എളുപ്പമാക്കും.
കോവാക്സിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാൽ ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയാതെ വിഷമിച്ചിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാണ്. നിലവിൽ കോവാക്സിനു പുറമേ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവയാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചിരിക്കുന്നവ. ഫൈസർ-ബയോടെക്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രാസെനക (കോവിഷീൽഡ്) എന്നിവയാണു വ്യവസ്ഥകളില്ലാതെ ഖത്തർ അംഗീകരിച്ചിരിക്കുന്ന വാക്സീനുകൾ.