അബുദാബി: യുഎഇയിൽ പിസിആർ ടെസ്റ്റിന്റെ കാലാവധി 30 ദിവസത്തിൽനിന്ന് 14 ആക്കി കുറച്ചു. ഈ മാസം 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ പിസിആർ ടെസ്റ്റ് എടുത്താൽ 30 ദിവസത്തേക്കു ഗ്രീൻപാസ് ലഭിച്ചിരുന്നു. ഇനി 2 ആഴ്ചത്തേക്കു മാത്രമേ ലഭിക്കൂ. കാലാവധി കഴിഞ്ഞാൽ ആപ്പിൽ നിറം ഗ്രേ ആയി മാറും. വീണ്ടും പിസിആർ എടുത്താൽ മാത്രമേ പച്ചതെളിയൂ.
അബുദാബിയിൽ ആരോഗ്യ സേവന വിഭാഗമായ സേഹയ്ക്കു കീഴിൽ സൗജന്യ പിസിആർ പരിശോധനയ്ക്ക് ഒട്ടേറെ ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 2 വർഷത്തോളമായി ഇവിടെ ലക്ഷക്കണക്കിനുപേരാണ് ഇവിടെ എത്തി പിസിആർ എടുത്തുവരുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിനു ഗ്രീൻ പാസ് നിബന്ധനയുള്ള അബുദാബിയിലെ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഏറെ ആശ്വാസമാണ് ഈ സൗജന്യ പരിശോധന. എന്നാൽ സ്വകാര്യ ആശുപത്രികളിലും മറ്റ് എമിറേറ്റുകളിലും പിസിആർ ടെസ്റ്റിന് ഫീസ് നൽകണം. ഓരോ എമിറേറ്റിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്.